ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗറിലെ എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
കനത്ത മഞ്ഞ് കാരണം 400 മീറ്റര്‍ ദൂരത്തോളം മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു. വിമാനത്താവളത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയാണെന്നും മഞ്ഞ് നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ റണ്‍വേയിലും പാര്‍ക്കിങ് സ്ഥലത്തും പുരോഗമിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മഞ്ഞുവീഴ്ചയില്‍ വൈദ്യുത ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതോടെ താഴ്‌വരയില്‍ ഉടനീളം വൈദ്യുതി മുടങ്ങി. മണ്ണിടിച്ചിലും ഹിമപാതവും മഞ്ഞുവീഴ്ചയും കാരണം ശ്രീനഗര്‍-ജമ്മു ദേശീയ പാത അടച്ചു. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡാണ് ശ്രീനഗര്‍-ജമ്മു ദേശീയ പാത. ബാരാമുള്ളയ്ക്കും ബനിഹാലിനും ഇടയിലുള്ള റെയില്‍ ഗതാഗതവും നിര്‍ത്തിവച്ചു.