റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ദേശീയ പതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് (Insulting National Flag and royal flag) ശിക്ഷാർഹം. ഒരു വർഷം വരെ തടവും അരലക്ഷത്തിലേറെ രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ (Saudi Public Prosecution) മുന്നറിയിപ്പ് നൽകി. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ദേശീയപതാകയുടെയും രാജകീയ പതാകയുടെയും വിശേഷണം സമാനമാണ്. ദേശീയ പതാകയുടെ താഴ്ഭാഗത്ത് ദേശീയ ചിഹ്നമായ വാളും പനയും സ്വർണ നിറത്തിലുള്ള പട്ട് നൂലുകളാൽ എംബ്രോയ്ഡറി ചെയ്തതാണ് രാജകീയ പതാക. ഈ വ്യത്യാസം മാത്രമാണ് ഇരു പതാകകളും തമ്മിലുള്ളത്. രാജ്യത്തോടോ ഭരണകൂടത്തോടോ ഉള്ള വെറുപ്പോ അവഹേളനമോ മൂലം ദേശീയ പതാകയെ നിന്ദിക്കൽ, മറ്റേതെങ്കിലും രീതിയിൽ പതാകയെ അപമാനിക്കൽ, പതാക നിലത്തിടൽ, രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നങ്ങളെ നിന്ദിക്കുകയോ അവമതിക്കുകയോ ചെയ്യൽ, ഇതെല്ലാം സൗദി പതാക നിയമ പ്രകാരം കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.