തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനം ശരിവെച്ച ഹൈകോടതി ഉത്തരവിലൂടെ വിവാദ നാടകത്തിന്റെ അധ്യായം അവസാനിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വി.സിയുടെ പുനർനിയമനം വിവാദമാക്കിയത് പ്രതിപക്ഷത്തിന്റെ നാടകമായിരുന്നു. കോടതി ഉത്തരവിലൂടെ നാടകത്തിന് അവസാനമായെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം വിവാദ എപ്പിസോഡുകൾ ഇനിയും ആവർത്തിക്കരുത്. ഹരജിക്കാർ സുപ്രീംകോടതിയിൽ പോയാലും ഇതിനപ്പുറമുളള വിധി പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാൻ നിയമിച്ച വി.സിമാർ അക്കാദമിക് മികവുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടതുപക്ഷം രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം തെറ്റാണ്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് ആർ. ബിന്ദു ഓർമിപ്പിച്ചു.
കണ്ണൂർ സർവകലാശാല വിസിയായുളള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തെ എതിർത്തുകൊണ്ട് നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കവെയാണ് പുനർനിയമനം ഡിവിഷൻ ബെഞ്ച് ശരിവച്ചത്. നേരത്തേ ഹൈകോടതി സിംഗിൾ ബെഞ്ചും ഉത്തരവ് ശരിവെച്ചിരുന്നു.