മസ്കത്ത്: കൈക്കൂലി ആരോപണത്തെത്തുടർന്ന് ഒമാനിലെ നിരവധി സർക്കാർ ജീവനക്കാർക്കെതിരെ തടവ്, പിഴ, ജോലിയിൽനിന്ന് പിരിച്ചുവിടൽ, പൊതു ജോലികൾ ചെയ്യുന്നത് വിലക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചതായി സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ (എസ്.എഫ്.എ.എ.ഐ) അറിയിച്ചു. 207 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തതായും 580 ദശലക്ഷം റിയാൽ തിരിച്ചുപിടിച്ചതായും എസ്.എഫ്.എ.എ.ഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് അഴിമതിക്കേസുകൾ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഭൂരിഭാഗം കേസുകളിലും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചിലത് ഇപ്പോഴും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സാമ്പത്തികവും ഭരണപരവുമായുള്ള ലംഘനങ്ങൾ കണ്ടെത്തുന്നതിനായി അഴിമതി വിരുദ്ധ കമീഷന് രൂപം നൽകിയിട്ടുണ്ട്.