പാലക്കാട് :അട്ടപ്പാടിയിൽ തുടർച്ചയായി നടക്കുന്ന ശിശു മരണങ്ങൾ കേരളത്തിന് അപമാനമാണ്. 2013-ൽ ഉണ്ടായ കൂട്ട ശിശുമരണങ്ങൾക്കു ശേഷം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്‌ക്കരിച്ച സാമൂഹിക ക്ഷേമ ആരോഗ്യ പദ്ധതികൾ മരണ നിരക്ക് കുറച്ചു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പന്ത്രണ്ടോളം ശിശുമരണങ്ങളാണുണ്ടായത്. ഈ ജനുവരിയിൽ വീണ്ടും ശിശു മരണമുണ്ടായി. ഗർഭിണികളിലുണ്ടാകുന്ന പോഷാഹാര കുറവാണ് ശിശുമരണങ്ങൾക്ക് കാരണം. ആരോഗ്യ പ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും മുടങ്ങിപ്പോകുന്നതാണ് പ്രശ്‌നം.
ഗർഭിണികൾക്കു വേണ്ടിയുള്ള ജനനീ ജന്മ രക്ഷാ പദ്ധതി എട്ടുമാസമായി മുടങ്ങിക്കിടക്കുകയാണ്. 192 ഊരുകളിലും കുടുംബശ്രീ അടുക്കളകൾ തുടങ്ങിയത് കുറഞ്ഞു കുറഞ്ഞു വരികയാണ്. പന്തീരായിരം ഗുണഭോക്താക്കളിൽ അയ്യായിരത്തോളം പേർക്ക് സമൂഹ അടുക്കളകളിൽ നിന്നും ഭക്ഷണം ലഭിക്കുന്നില്ല. 12 കോടിയോളം രൂപ സമൂഹ അടുക്കളകൾ നടത്തിയതിലൂടെ കിട്ടാനുണ്ടെന്നാണ് പറയുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ല. 59 താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. സ്‌പെഷാലിറ്റി ആശുപത്രിയിൽ ടെക്‌നീഷ്യൻമാരില്ല. നാൽപത് കിലോമീറ്റർ അകലെയുള്ള മണ്ണാർക്കാട് ആശുപത്രിയിലേക്കാണ് രോഗികളെ റഫർ ചെയ്യുന്നത്.
പണമില്ലാത്തവർക്ക് അവിടെ എത്താനാകുന്നില്ല. കോട്ടത്തറ ട്രൈബൽ ആശുപത്രി ശക്തിപ്പെടുത്തുന്നതിന് പകരം പെരിന്തൽമണ്ണയിലെ ഇ.എംഎസ് ആശുപത്രിക്ക് പദ്ധതിയുടെ ഭാഗമായി 12 കോടി നൽകി. കോട്ടാത്തറ ആശുപത്രിയിലാണ് ഈ പണം ചെലവഴിക്കേണ്ടത്. എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ടോയെന്നും യഥാർത്ഥ ഗുണഭോക്താക്കൾക്ക് അതിന്റെ ഗുണഫലങ്ങൾ കിട്ടുന്നുണ്ടോയെന്നും നിരന്തരമായി പരിശോധിക്കണം. അവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും ശിശുമരണങ്ങൾ ആവർത്തിക്കപ്പെടുന്നത് സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിനാലാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുണ്ടാകണം.