മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിതയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാള സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം. നാടകങ്ങളിലൂടെ സിനിമയിലെത്തിയ അവർ മലയാളികളുടെ അമ്മയും സഹോദരിയുമെല്ലാമായി മാറിയാണ് നമ്മെ വിട്ടുപോയത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കെ.പി.എ.സി ലളിത
നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയ ജീവിതകളിലൂടെ മലയാളത്തിന്റെ മഹാനടിമാരിൽ ഒരാളായി മാറി. തേൻമാവിൻകൊമ്പത്തിലെ ചെറിയ വേഷം പോലും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ലളിത ചേച്ചിയുടെ അഭിനയപാടവം തന്നെയാണ്. അവരുടെ വിയോഗത്തിൽ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.