കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസിൽ (Haridas Murder Case) ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെടതെന്ന് പൊലീസ് സംശയിക്കുന്നു. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡൻറ് തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ പൊലീസിൻറെ നേതൃത്വത്തിൽ ഉന്നത യോഗം ചേരുകയാണ്. ഉത്തര മേഖല ഐജി അശോക് യാദവ് കണ്ണൂർ ഡി ഐ ജി, സിറ്റി പൊലീസ് കമ്മീഷണർ എന്നിവരാണ് യോഗം ചേരുന്നത്.
തലശ്ശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് കൗൺസിലറും കൊമ്മൽ വയൽ സ്വദേശിയുമായ ലിജേഷ് പുന്നോൽ സ്വദേശികളായ വിമിൻ അമൽ മനോഹരൻ ഗോപാൽ പേട്ട സ്വദേശി സുനേഷ് എന്നിവരാണ് അറസ്റ്റിലായത്. ലിജേഷാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സംഘർഷത്തിന് പിന്നാലെയുള്ള ലിജേഷിന്റെ പ്രസംഗം കൊലപാതകത്തിന് കാരണമായി എന്നും പൊലീസ് കരുതുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്നാണ് കൊലപാതകം നടന്നത് മുതൽ സിപിഎം ആരോപിക്കുന്നത്. എന്നാൽ ആരോപണം തള്ളി ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായത് ബിജെപി-ആർഎസ്എസ് പ്രവർത്തകരായതോടെ നേതൃത്വം വെട്ടിലായി.