അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മല്ലിക സുകുമാരനും പൃഥ്വിരാജും. തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ എത്തിയാണ് ഇരുവരും ആദരാഞ്ജലികൾ അർപ്പിച്ചത്. പ്രിയസഹപ്രവര്‍ത്തകയെ അവസാനമായി കാണാനെത്തിയ മല്ലിക പൊട്ടിക്കരഞ്ഞത് നൊമ്പരക്കാഴ്ചയായി.
മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ ലോകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി ഒരു നോക്കുകാണാനെത്തി.
അതേസമയം, കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 5ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. തുടർന്ന് സംസ്കാരം വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ ഓർമ’ വീട്ടുവളപ്പിൽ.
മലയാള സിനിമയില്‍ എന്നും സ്വയം അടയാളപ്പെടുത്തിയ നടിയാണ് കെപിഎസി ലളിത. പ്രതിസന്ധികള്‍ക്കിടയിലും അവര്‍ നിരന്തരം പോരാടി. ജീവിതം നട്ടുനനച്ചു. പ്രിയപ്പെട്ടവര്‍ക്ക് അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും മാറിയ നടി. കെപിഎസി ലളിത വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത് കാലം കുറേ അപ്പുറത്തേക്കുള്ള ഓര്‍മകള്‍ ബാക്കിവച്ചാണ്.