ന്യൂഡൽഹി: ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെയാണ് ഡൽഹിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
242 യാത്രക്കാരാണ് പുലര്‍ച്ചെ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ‘യുക്രൈനിൻ്റെ ചില ഭാഗങ്ങളില്‍ മോശം അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഞങ്ങളെ തിരിച്ചെത്തിക്കാനുളള തീരുമാനം നല്ലതായിരുന്നു’. എന്ന് തമിഴ്നാട് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു’. വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി ഉണ്ടാകുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. ഇതിനുളള ബുക്കിങ് നടപടികളും എയര്‍ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. യുക്രൈനില്‍ സ്ഥിതി സങ്കീര്‍ണമായതോടെയാണ് എംബസി ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും, വിദ്യാര്‍ത്ഥികളേയും, ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമെ ഇനി തുടരുകയൊളളു. അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാര്‍ തിരിച്ചെത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ യുക്രൈൻ്റെ വിമത മേഖലയിലേക്ക് റഷ്യന്‍ സൈന്യം കടന്നുവെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. നിലവില്‍ യുക്രൈനിലെ സ്വതന്ത്ര്യ പ്രവിശ്യയായ ഡൊനെറ്റ്‌സ്‌കിലേക്ക് സൈന്യം പ്രവേശിച്ചിട്ടുണ്ട്. വൈകാതെ വിമത പ്രവിശ്യയായ ലുഹാന്‍സ്‌കിലേക്കും പ്രവേശിക്കുമെന്നാണ് വിവരം. യുദ്ധ ടാങ്കുകളടക്കം വന്‍ സൈനിക വ്യൂഹമാണ് അതിര്‍ത്തി കടന്നത്.
യുക്രൈനെതിരെ പുതിയ സൈനിക നീക്കമുണ്ടാകുമെന്ന് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇന്നലെ വ്‌ളാദമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. വിഘടിച്ചു നില്‍ക്കുന്ന ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌കെ എന്നീ പ്രവിശ്യകളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു. റഷ്യന്‍ അനുകൂലികളുടെ പ്രവിശ്യയിലേക്ക് റഷ്യ സൈന്യത്തെ അയക്കുന്നത് അവിടെ സമാധാനം നിലനിര്‍ത്താനാണെന്നും വ്‌ളാദമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. പുടിൻ്റെ പ്രഖ്യാപനത്തോട് കടുത്ത എതിര്‍പ്പാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അറിയിച്ചത്. റഷ്യക്കെതിരെ ഉപരോധം ശക്തമാക്കാനാണ് അമേരിക്കയുടേയും ബ്രിട്ടന്റേയും തീരുമാനം.