തിരുവനന്തപുരം: നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.
1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.
കുറച്ചു കാലം മുൻപ് കെപിഎസി ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ചികിത്സാ ചെലവുകളൊക്കെ സർക്കാർ ഏറ്റെടുത്തിരുന്നു.
സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.