കൊല്‍ക്കത്ത: തന്നെ ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്റെ പേര് പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. തത്കാലം പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നും ഒരു തവണ കൂടി ഇത് ആവർത്തിച്ചാൽ ആളെ വെളിപ്പെടുത്തുമെന്നും സാഹ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സാഹ നിലപാട് വ്യക്തമാക്കിയത്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്താക്കാനുള്ള ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയക്ക് ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തനിക്ക് അഭിമുഖം തരണമെന്നായിരുന്നു ഈ മാധ്യമപ്രവര്‍ത്തകന്റെ ആവശ്യം. എന്നാല്‍ സാഹ ഇതിന് പ്രതികരിക്കാതിരുന്നതോടെ മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ താരം ട്വീറ്റ് ചെയ്യുകയും ചെയ്തു.
After all of my contributions to Indian cricket..this is what I face from a so called “Respected” journalist! This is where the journalism has gone. pic.twitter.com/woVyq1sOZX
— Wriddhiman Saha (@Wriddhipops) February 19, 2022
സാഹയുടെ ട്വീറ്റിനു പിന്നാലെ താരത്തിനു പിന്തുണയുമായി മുൻ ദേശീയ താരങ്ങളടക്കം രംഗത്തെത്തി. വീരേന്ദര്‍ സെവാഗ്, പ്രഗ്യാൻ ഓജ, പാർത്ഥിവ് പട്ടേൽ, ഗൗതം ഗംഭീർ, ആർപി സിംഗ്, ഹർഭജൻ സിംഗ് തുടങ്ങിയ താരങ്ങൾ സാഹയ്ക്ക് പിന്തുണ അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്റെ പേര് സാഹ വെളിപ്പെടുത്തണം എന്നായിരുന്നു മിക്കവരുടേയും ആവശ്യം. സാഹയുടെ ട്വീറ്റ് ഗൗരവമായി പരിഗണിക്കണമെന്ന് ബിസിസിഐയോട് മുന്‍താരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആരുടേയും കരിയര്‍ നശിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ അയാളുടെ പേര് വെളിപ്പെടുത്തില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാഹ പറയുന്നു. ഇന്ത്യക്കായി കളിച്ച താരമാണെന്ന പരിഗണന പോലുമില്ലാതെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ടെന്ന വസ്തുത തുറന്നുകാട്ടുകയാണ് തന്റെ ട്വീറ്റിന്റെ ലക്ഷ്യമെന്നും സാഹ കൂട്ടിച്ചേര്‍ത്തു. ബിസിസിഐയുടെ അന്വേഷണ സംഘം സമീപിക്കുകയാണെങ്കിലും ആ പേര് താന്‍ വെളിപ്പെടുത്തില്ലെന്നും സാഹ അഭിമുഖത്തില്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന് ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഇതാണ് എനിക്ക് ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലഭിച്ചത് എന്ന കുറിപ്പോടെയാണ് സാഹ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനം ഇങ്ങനെയാണെന്നും സ്‌ക്രീന്‍ ഷോട്ടിനൊപ്പം സാഹ കുറിക്കുന്നു.
നേരത്തെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ ഉന്നതർക്കെതിരെ കടുത്ത വിമർശനവുമായി സാഹ രംഗത്തെത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ എന്നിവരെയാണ് സാഹ വിമർശിച്ചത്. ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പരിശീലകൻ രാഹുൽ ദ്രാവിഡും ചേതൻ ശർമയും നിർദ്ദേശിച്ചതായി സാഹ ആരോപിച്ചു. താൻ ബിസിസിഐ തലപ്പത്ത് ഉള്ളിടത്തോളം കാലം ടീമിൽ ഇടം ഉറപ്പു നൽകിയ ഗാംഗുലി, പിന്നീട് വാക്കു മാറ്റിയെന്നും സാഹ വെളിപ്പെടുത്തി.