മോസ്കോ: റഷ്യ- യുക്രെയ്ൻ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയിൽ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയർന്നത്.
ക്രൂഡ് വില ഉയരുന്നത് വിവിധ രാജ്യങ്ങളിൽ ഇന്ധന വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. സൗദി അറേബ്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കയറ്റുമതിക്കാരാണ് റഷ്യ. പ്രകൃതി വാതകവും ഉത്പാദിപ്പിക്കുന്ന രാജ്യമാണ് റഷ്യ.യുക്രൈൻ കേന്ദ്രീകരിച്ച് ദീർഘകാലം യുദ്ധം തുടർന്നേക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണവില കുതിക്കുന്നത്.
വിമത മേഖലകൾക്ക് സ്വയം ഭരണാധികാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചു. റഷ്യയുടെ നടപടിയെ യു.എൻ സുരക്ഷാ കൗൺസിൽ അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ പ്രാദേശിക ഇന്ധനവില കുതിക്കുമെന്ന സൂചനകള്‍ എണ്ണക്കമ്പനികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചത്.