ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഹരിയാന സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടയാളാണ് ഇദ്ദേഹം. ഈ മാസം ആദ്യവാരം ഗുര്‍മീതിന് പരോള്‍ നല്‍കിയതിന് പിന്നാലെയാണ് ഇസഡ് സുരക്ഷ അനുവദിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഗുർമീത് 21 ദിവസത്തെ പരോളിലിറങ്ങിയിരുന്നു. ഗുര്‍മീതിന് ഖലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വാദം. ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികള്‍ക്ക് 12 നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളുടെ സേവനമാണ് ലഭിക്കുന്നത്.
തന്റെ ഭക്തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലായിരുന്നു. മാത്രമല്ല 2002 ൽ റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുർമീതിനെ പാഞ്ച്കുല പ്രത്യേക സി ബി ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചത്. രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം എപ്പോഴും ഗുര്‍മീതിന്റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്. ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനായാണ് ഗുര്‍മീതിന് പരോള്‍ നല്‍കിയതെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.