ബംഗളൂരു: ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയില്‍. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥിനികൾ നൽകിയ ഹരജിയിൽ സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദ്ഗിയാണ് ഈക്കാര്യം അറിയിച്ചത്.
ഇന്ന് വാദം ആരംഭിച്ചപ്പോൾ തന്നെ ഹിജാബിനോടുള്ള സർക്കാരിന്റെ സമീപനം കോടതി ആരാഞ്ഞു. ഫെബ്രുവരി അഞ്ചിന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഹിജാബ് നിരോധനത്തിന് നിർദേശമില്ലെന്ന് എ.ജി വ്യക്തമാക്കി. ഓരോ സ്ഥാപനങ്ങളും നിർദേശിക്കുന്ന യൂണിഫോം പാലിക്കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെടുക മാത്രം ചെയ്യുന്ന നിരുപദ്രവകരമായൊരു ഉത്തരവായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. സർക്കാർ ഉത്തരവിൽ അക്കാര്യം സ്ഥാപനങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നായിരുന്നു എ.ജിയുടെ മറുപടി.
സ്ഥാപനങ്ങൾ ഹിജാബ് അനുവദിച്ചാൽ എതിർക്കുമോ എന്നു കോടതി ചോദിച്ചപ്പോള്‍ സ്ഥാപനങ്ങൾ അനുവദിക്കുകയാണെങ്കിൽ അത്തരം വിഷയങ്ങൾ വരുമ്പോൾ കോടതി തീരുമാനമെടുക്കുമെന്ന് എ.ജി മറുപടി നൽകി. എന്നാൽ, കൃത്യമായൊരു നിലപാടെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ഹരജിക്കുമേലുള്ള ഏഴാംദിവസത്തെ വാദം ഇന്ന് പൂർത്തിയായി. വാദംകേൾക്കൽ നാളെയും തുടരും.