ലക്നോ: ഉത്തർപ്രദേശിലെ ബിജെപി റാലിക്കിടെ ബിജെപി പ്രവർത്തകർ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനെത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. പ്രിയങ്ക ഗാന്ധിക്ക് കൈകൊടുക്കാനും സെൽഫിയെടുക്കാനും ബി.ജെ.പി പ്രവർത്തകർ മത്സരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
ബിജെപി പതാകയേന്തിയവർ പ്രിയങ്കയുടെ വാഹനത്തിന് അരികിലേക്ക് ആഹ്ലാദപൂർവം എത്തുകയും സംസാരിക്കുകായും ചെയ്യുന്നുണ്ട്. എല്ലാവർക്കും പ്രിയങ്ക കൈകൾകൊടുക്കുന്നതും കോൺഗ്രസിന്റെ പ്രകടനപത്രിക വിതരണം ചെയ്യുന്നതും വിഡിയോയിൽ കാണാം.
कांग्रेस महासचिव @priyankagandhi & भाजपा कार्यकर्ता … pic.twitter.com/BKLLDDIr3C
— Supriya Bhardwaj (@Supriya23bh) February 22, 2022
യു.പിയിലെ ഹർദോയിയിലുള്ള മദോഗഞ്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേൽപ്പ് ലഭിച്ചത്. മല്ലാവൻ ചൗക്കിൽ പ്രിയങ്കയുടെ വാഹനമെത്തിയപ്പോൾ അവിടെ നിറയെ ബി.ജെ.പി പതാക പിടിച്ചും റിബ്ബണണിഞ്ഞും നിൽക്കുന്ന പ്രവർത്തകരായിരുന്നു.
മല്ലാവനിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം സമാപിച്ചതിന് ശേഷം പ്രവർത്തകർ പിരിഞ്ഞുപോകുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ വരവ്. വാഹനം ആൾക്കൂട്ടം തിരിച്ചറിഞ്ഞതോടെ എല്ലാവരും കാറിനു ചുറ്റും കൂടി. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് നേതാവിന് അഭിവാദ്യമർപ്പിച്ചത്.
ബിജെപി റാലിയിൽനിന്നും ആളുകൾ വിഷമത്തോടെ മടങ്ങുകയാണെന്നും യുപിയിലെ അന്തരീക്ഷം വ്യക്തമാക്കാൻ ഈ വിഡിയോ ധാരാളമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.