കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കുന്നത് മാറ്റി. പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ മറ്റന്നാൾ വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന് പിറകിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. സംഭവം ഉണ്ടായി മൂന്ന് മാസം കഴിഞ്ഞാണ് പരാതി നൽകാൻ തയ്യാറായതെന്നും പരാതിക്കാരിയെ അഞ്ജലി ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള വിരോധമാണ് കേസിന് പിറകിലെന്നും റോയ് വയലാട്ട് കോടതിയെ അറിയിച്ചിട്ടുണ്ട്.