കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. അനൂപിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴി എടുക്കുന്നത്. ദിലീപ്, അനൂപ് അടക്കമുളള കേസിലെ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു
വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇപ്പോൾ നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്.