എട്ടു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണിൽ കാളിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിലാണ് (Pocso Case) തൊടുപുഴ പോക്സോ പ്രത്യേക കോടതിയുടേതാണ് വിധി. ഇയാൾ പത്തു വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിൻറെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും.
പെൺകുട്ടികളുടെ ഓൺലൈൻ പഠനം മുടക്കുന്നതായും മകൻ ഉപദ്രവിക്കുന്നതായും കാണിച്ച് പ്രതിയുടെ അമ്മ വനിത സംരക്ഷണ ഓഫീസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ നടത്തിയ കൌൺസിലിംഗിലാണ് പെൺകുട്ടികൾക്കെതിരെ അച്ഛൻ ലൈംഗികാതിക്രമം നടത്തുന്നതായി കണ്ടെത്തിയത്. വിവരത്തിൻറെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ കാളിയാർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. വിവിധ വകുപ്പുകളിലായാണ് ഇരുപത്തിയൊന്നര വർഷം ശിക്ഷ വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആറര വർഷം ജയിലിൽ കിടന്നാൽ മതി. ജില്ലാ ലീഗൽ അതോററ്റി രണ്ടുലക്ഷം രൂപ കുട്ടികൾക്ക് നൽകാനും വിധിയിൽ നിർദേശമുണ്ട്.