തിരുവനന്തപുരം;സഹകരണ മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് ഗ്രാമീണ അന്തരീക്ഷത്തിന്റെ പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ നടത്താൻ പോകുകയാണെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നിക്ഷേപ സമാഹരണ യജ്ഞവും സഹകരണ സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ നാനാതുറകളിലുള്ള പദ്ധതികൾ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ബജറ്റ് വിഹിതം ലഭിച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി പദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കാർഷിക മേഖലയിൽ ഉൽപ്പന്നങ്ങൾ ഏറ്റെടുത്ത് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണി കണ്ടെത്തുകയും പ്രാദേശികമായ ഉന്നമനം ഉറപ്പാക്കുകയും ചെയ്യും. ഏതു പ്രതിസന്ധി ഘട്ടത്തിലും ആദ്യം സഹായവുമായി എത്തുന്നത് സഹകരണ മേഖലയാണ്. അതുകൊണ്ടു തന്നെ ആർക്കും തകർക്കാൻ കഴിയാത്ത ജനകീയ അടിത്തറ സഹകരണ മേഖലയ്ക്കുണ്ട്.
ചില ഒറ്റപ്പെട്ട സംഭവങ്ങൾ സഹകരണ മേഖലയിൽ നടക്കുന്നുണ്ട്. ഇതിനെ സാമാന്യവൽക്കരിച്ച് സഹകരണ മേഖലയ്ക്കെതിരെ വലിയ പ്രചാരണങ്ങൾ നടന്നു. ഇതിനെ സംയമനത്തോടെ നേരിട്ട് സഹകാരികൾ അതിജീവിക്കുകയായിരുന്നു. കണക്കുകൾ പരിശോധിക്കാനും അത് പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുമുള്ള സംവിധാനം ഇപ്പോൾ നിലവിൽ വന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥ ഓഡിറ്റ് ഡയറക്ടറായി ഓഡിറ്റിംഗ് സംവിധാനം നിലവിൽ വന്നു കഴിഞ്ഞു. സുതാര്യമായ നടപടികളിലൂടെ മുന്നോട്ടു പോകുകയാണ് സഹകരണ മേഖല.
മഹാമാരിയും പ്രളയവും കോവിഡ് പ്രതിസന്ധിയുമൊക്കെ വന്നപ്പോൾ ആദ്യം സഹായഹസ്തവുമായി എത്തിയ സഹകരണ മേഖലയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 236 കോടി രൂപ സംഭാവന നൽകിയത്. മറ്റൊരു മേഖലയ്ക്കും കഴിയാത്ത പ്രവർത്തനമായിരുന്നു ഇത്. കോവിഡ് കാലത്ത് വായ്പക്കാർക്കും പല വിധത്തിൽ ആശ്വാസം പകരാൻ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സഹകരണ സംഘങ്ങൾ സഹായ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയായിരുന്നു.
നിക്ഷേപ സമാഹരണ യജ്ഞത്തിൽ ആറായിരം കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻ കാലങ്ങളിൽ പലപ്പോഴും ലക്ഷ്യത്തേക്കാൾ കൂടുതൽ നിക്ഷേപ സമാഹരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആദ്യ നിക്ഷേപങ്ങൾ വേദിയിൽ മന്ത്രി ഏറ്റു വാങ്ങി.