റിയോ ഡെ ജനീറോ: ബ്രസീലിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 171 ആയി. അപകടത്തിൽ പ്രായപൂർത്തിയാകാത്ത 27 പേർ മരിച്ചതായി ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറ ൻസിക് മെഡിസിൻ പറഞ്ഞു.120 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രളയത്തിൽ ആയിരത്തോളം പേർക്കു വീട് നഷ്ടപ്പെട്ടു. ഇവരെ സ്കൂളുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. നിരവധി വീടുകൾ തകർന്നു. കാറുകളും ബസുകളുമടക്കമുള്ള വാഹനങ്ങളും പ്രളയജലത്തിൽ ഒഴുകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. നിരവധി കെട്ടിടങ്ങൾ മണ്ണിനടിയിലാണ്. ദശകങ്ങൾക്കിടെ ആദ്യമായാണ് നഗരത്തിൽ ഇത്രയേറെ ശക്തമായ മഴ പെയ്യുന്നത്.