ന്യൂഡല്‍ഹി: പെഗാസസ് സോഫ്ട്‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതി ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന. ഇടക്കാല റിപ്പോര്‍ട്ടും സമിതിയുടെ ആവശ്യവും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.
പുതിയ വെളിപ്പെടുത്തലിന്‍റെ ഭാഗമായി സമർപ്പിച്ച ഹരജികളും കോടതിക്ക് മുന്നിൽ വരും. മാധ്യമപ്രവർത്തകൻ എൻ. റാം ഉൾപ്പെടെ 13 പേരാണ് സമിതിക്ക് മൊഴി നൽകിയത്.
ഇസ്രായേൽ നിർമിത ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ഉപയോഗിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് ‘ദി വയർ’ അടക്കമുള്ള ആഗോള മാധ്യമ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
പാർലമെന്റിലടക്കം പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയെങ്കിലും പെഗാസസ് വാങ്ങിയെന്ന് കേന്ദ്രം സമ്മതിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടലുണ്ടായത്. രാജ്യസുരക്ഷയെക്കാൾ തന്നെ പ്രധാനമാണ് വ്യക്തി സ്വാതന്ത്ര്യവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഏഴ് പരിഗണന വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തുന്നത്. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയുക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടങ്കില്‍ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ തുടങ്ങിയ വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.
വ്യക്തികളെ നിരീക്ഷിക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി സമിതിയോട് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍.