കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. ന്യൂമാഹിയിലെ വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി സഹോദരന്റെ മകന്‍ ഹരിദാസിന്റെ ചിതയ്ക്ക് തീകൊളുത്തി.
മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്.
വീട്ടുമുറ്റത്ത് വെച്ചാണ് ഹരിദാസ് അക്രമിക്കപ്പെട്ടത്. ഹരിദാസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബാംഗങ്ങൾ ഇനിയും മുക്തരായിട്ടില്ല. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇടതുകാല്‍ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതല്‍ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്ത വിധമാണ്. ഒരേ വെട്ടില്‍ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനെ ആക്രമി സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കാത്തുനിന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സി.പി.എം. ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി പറഞ്ഞു.
സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച ഹരിദാസന്‍. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്‍ മരിച്ചിരുന്നു.
സംഭവത്തില്‍ ഏഴ്‌പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.