തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ സേവകരായി പ്രവര്‍ത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഏകീകൃത തദ്ദേശവകുപ്പ് ഇടക്കാല മാനേജ്‌മെന്റ് സംബന്ധിച്ച് ജില്ലാ ജോയിന്‍ ഡയറക്ടര്‍മാരുടെയും വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ കാലങ്ങളില്‍ വിവിധ മന്ത്രി തലങ്ങളിലായിരുന്ന തദ്ദേശവകുപ്പിനെ ഏകോപിപ്പിക്കാനുള്ള ആലോചനകളാണ് ഇപ്പോള്‍ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ജനങ്ങളെ കഴിവിന്റെ പരമാവധി സഹായിക്കാന്‍ ഫയല്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ജനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാവരുത്. ഫയലില്‍ അഭിപ്രായം രേഖപ്പെടുത്തി കീഴ് ഓഫീസുകളിലേക്ക് അയയ്ക്കുന്ന പതിവിനും കാലതാമസം നേരിടുന്നതിനും അടിയന്തരമായി മാറ്റം ഉണ്ടാവണം. ഓരോ ഫയലും അതുമായി ബന്ധപ്പെട്ട വ്യക്തിയും ഉദ്യോഗസ്ഥനും തമ്മിലുള്ള വൈകാരിക ബന്ധം അടയാളപ്പെടുത്തുന്നത് കൂടിയാണ്. ഫീല്‍ഡ് പരിശോധന അനിവാര്യമെങ്കില്‍ നേരിട്ട് എത്താന്‍ ഉദ്യോഗസ്ഥന് സാധിക്കണം. വരുന്ന ഒരുമാസത്തിനകം ഏകീകൃത വകുപ്പിന്റെ ഗുണപരമായ മാറ്റം ജനങ്ങള്‍ക്ക് ലഭിക്കണമെന്നും അതിനുള്ള പ്രവര്‍ത്തനം ജില്ലാ ഓഫീസര്‍മാര്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കഴിഞ്ഞകാലങ്ങളില്‍ തുടര്‍ന്നുവന്ന യാന്ത്രിക തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിന്നും മാറി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം. കേരളത്തിലെ എല്ലാ മനുഷ്യരെയും ബന്ധിപ്പിക്കുന്ന സംവിധാനമാണ് തദ്ദേശഭരണ വകുപ്പെന്നും പുതിയൊരു ജനകീയ ബന്ധത്തിന്റെ തുടക്കമായി ഏകീകൃത തദ്ദേശവകുപ്പ് മാറണമെന്നും മന്ത്രി വ്യക്തമാക്കി.
2.5 ലക്ഷത്തോളം വരുന്ന ഭൂരഹിതര്‍ക്ക് ഭവനം ലഭ്യമാക്കുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഭാവനാപൂര്‍ണ്ണം ഊര്‍ജ്ജിതമായി ഇടപെടണമെന്നും അതി ദാരിദ്ര്യ സര്‍വ്വേയിലൂടെ കണ്ടെത്തിയ നിരാലംബരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ആയിരത്തില്‍ അഞ്ച് പേര്‍ക്ക് ജോലി എന്ന ലക്ഷ്യം സാധിതമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി.