കണ്ണൂർ : ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകൾ, നിരവധി പാലങ്ങൾ, ഫ്‌ളൈ ഓവറുകൾ, വയഡക്ടുകൾ എന്നിവ നിലവിൽ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.
കേരളഓൺലൈൻ ന്യൂസ് യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാം
കണ്ണൂർ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരിൽനിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത് വരെ 22 വില്ലേജുകളിലൂടെയാണ് കടന്നുപോവുന്നത്. ജില്ലയിൽ നാല് ബൈപാസുകൾ, ഏഴ് വലിയ പാലങ്ങൾ, ഏഴ് ഫ്ളൈ ഓവറുകൾ, 10 വയഡക്ടുകൾ എന്നിവയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്.
പയ്യന്നൂർ (3.82 കി.മീ), തളിപ്പറമ്പ് (5.66 കി.മീ), കണ്ണൂർ (13.84 കി.മീ), തലശ്ശേരി-മാഹി (18.6 കി.മീ) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി രണ്ട് റീച്ചുകളിൽ ഭൂമി നിരപ്പാക്കൽ, മരങ്ങൾ മുറിക്കൽ, കെട്ടിടങ്ങൾ പൊളിക്കൽ, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ ഏതാണ്ട് പൂർത്തിയായി. പുതിയ പാലങ്ങൾക്കായുള്ള പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചു.