മലപ്പുറം: വലിയങ്ങാടി കൈനോട് സ്വദേശികളും അയൽവാസികളുമായ യുവതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഇരുവരും ഗർഭിണികളായിരുന്നു.
പരേതരായ കൈനോട് മങ്കരത്തൊടി അലവിയുടെയും മറിയുമ്മയുടെയും മകളും കോട്ടക്കൽ സൂഫി ബസാർ പുതുക്കുടി അബ്ദുസ്സമദിൻറെ ഭാര്യയുമായ ഷക്കീലയും (38) കൈനോട് ചാത്തൻചിറ മുഹമ്മദലിയുടെയും സുഹ്റാബിയുടെയും മകളും പുഴക്കാട്ടിരി പാതിരമണ്ണ തൊട്ടിയിൽ ജാഫറലിയുടെ ഭാര്യയുമായ മുബീനയുമാണ് (34) ശനിയാഴ്ച പുലർച്ചയും രാത്രിയുമായി മരിച്ചത്. ഷക്കീല ആറുമാസം ഗർഭിണിയായിരുന്നു. ഇവരുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മുബീന മരിച്ചത്.
രണ്ട് ദിവസം മുമ്പ് ഉയർന്ന രക്തസമ്മർദത്തെത്തുടർന്ന് ഷക്കീലയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗർഭസ്ഥശിശു മരിച്ചതോടെ വെള്ളിയാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിൽ തുടർന്ന ഷക്കീല ശനിയാഴ്ച പുലർച്ച അഞ്ചോടെ മരിച്ചു. രാവിലെ പത്തിന് ഇവരുടെ മൃതദേഹം വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.