കാട്ടാക്കട: വനം വകുപ്പിൻറെയും ഡി.ടി.പി.സിയുടെയും നിരവധി ബോട്ടുകൾ നെയ്യാർഡാമിൽ തുരുമ്പെടുത്ത് നശിക്കുന്നു. ആദ്യം എൻജിൻ തകരാറിലാകുന്ന ബോട്ടുകൾ തീരത്തടുപ്പിക്കും. പിന്നീട് കരക്കുകയറ്റും. കരക്കുകയറ്റിയ ബോട്ടുകളൊന്നും പിന്നീട് വെള്ളത്തിലിറങ്ങിയിട്ടില്ല. രണ്ടുവർഷത്തിനിടെ ഡി.ടി.പി.സിയുടെ അഞ്ച് ബോട്ടുകളാണ് കട്ടപ്പുറത്തായത്. വനംവകുപ്പിൻറെ നിരവധി ബോട്ടുകൾ ഇത്തരത്തിൽ നശിച്ച് നെയ്യാറിൻറെ വിവിധ തീരങ്ങളിൽ കിടക്കുന്നത് കാണാം.
ദിവസങ്ങൾക്ക് മുമ്പ് നെയ്യാർ ജലാശയത്തിൽ സവാരി നടത്തിയിരുന്ന ഡി.ടി.പി.സിയുടെ ബോട്ടുകൾ എൻജിൻ തകരാർ കാരണം കട്ടപ്പുറത്തായതോടെ ബോട്ട് സവാരി നിലച്ചു. തുടർന്ന് പരാതികൾ ശക്തമായതോടെ ഒരെണ്ണം തകരാർ പരിഹരിച്ച് കഴിഞ്ഞയാഴ്ച സർവിസ് ആരംഭിച്ചു. ആറ് പേർക്ക് കയറാവുന്ന രണ്ടു സഫാരിയും മൂന്ന് പേർക്കുള്ള ഒരു സ്പീഡ് ബോട്ടും അഞ്ചുപേർക്കുള്ള സെമി സ്പീഡ് ബോട്ടും ഉൾപ്പെടെ അഞ്ച് ബോട്ടുകളാണ് നെയ്യാർഡാം ഡി.ടി.പി.സിയുടേതായി ജലാശയത്തിൽ ഓടിയിരുന്നത്.
വിവിധ കാരണങ്ങളാൽ ബോട്ടുകൾ ഒന്നൊന്നായി ഷെഡിലായി. ഒരുവർഷം മുമ്പ് മുങ്ങിപ്പോയ പുതിയ മൂന്നുപേർക്കുള്ള സ്പീഡ് ബോട്ടിന്റെ എൻജിൻ ഉൾപ്പെടെ സർവിസിനായി കൊണ്ടുപോയിട്ട് ഇതേ വരെ തിരിച്ചെത്തിയിട്ടില്ല. ഇവിടെയുള്ള പല ബോട്ടുകൾക്കും ഫിറ്റ്നസും ഇൻഷുറൻസും നേടാൻ കഴിയാത്തതും ബോട്ടുകൾ നീറ്റിലിറക്കാൻ ഉള്ള തടസ്സമായി പറയുന്നു.