ലണ്ടൻ : കൊവിഡ് വൈറസ് പോസിറ്റീവാകുന്നവരുടെ നിർബന്ധിത ക്വാറന്റൈൻ നീക്കം ചെയ്യാനൊരുങ്ങി ബ്രിട്ടൺ. അടുത്തയാഴ്ചയോടെ ഇതിൽ സർക്കാർ തീരുമാനം എടുത്തേക്കും. നിലവിൽ കൊവിഡ് പോസിറ്റീവായവർക്കും ലക്ഷണങ്ങളുള്ളവർക്കുമുള്ള ഐസൊലേഷൻ കാലയളവ് അഞ്ച് ദിവസമാണ്. മറ്റ് ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും ബ്രിട്ടണിൽ നേരത്തെ പിൻവലിച്ചിരുന്നു.
അതേ സമയം, ഐസൊലേഷൻ നിർബന്ധമല്ലാതാക്കുന്നത് അപകടകരമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് ഉടൻ അപ്രത്യക്ഷമാകില്ലെന്നും അതിനാൽ വൈറസിനൊപ്പം ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിയന്ത്രണങ്ങൾ നീക്കവെ പ്രഖ്യാപിച്ചിരുന്നു.