തിരുവനന്തപുരം: പുന്നോല്‍ സ്വദേശി ഹരിദാസൻ്റെ കൊലപാതത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വിജയരാഘവന്‍ പറഞ്ഞു. കൊലപാതകം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് മുന്‍പ് തന്നെ സിപിഐഎം ആരോപിച്ചിരുന്നു. കൊലപാതകത്തിലൂടെയാണ് ആര്‍എസ്എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന്‍ ആഞ്ഞടിച്ചു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം പതാകദിനത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഈ ദിനത്തില്‍ തന്നെ കൊല നടത്തിയത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
എ വിജയരാഘവന്‍റെ വാക്കുകള്‍
സഖാവ് ഹരിദാസ് ആര്‍എസ്എസ് ആക്രമണത്തില്‍ കൊലപ്പെട്ടിരിക്കുകയാണ്. അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമായ സംഭവമാണിത്. കണ്ണൂര്‍ ജില്ലയില്‍ തികഞ്ഞ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മിന്‍റെ ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സമാധാന അന്തരീക്ഷം തകര്‍ക്കുയെന്ന ഗൂഢാലോചനയാണ് അക്രമത്തിന് പിന്നില്‍.
അക്രമം സംഘടിപ്പിച്ചവരുടെ ലക്ഷ്യം നാട്ടില്‍ കലാപമുണ്ടാക്കുകയാണ്. ആര്‍എസ്എസ് അടയാളപ്പെടുത്തുന്നത് തന്നെ അക്രമത്തിലൂടെയാണ്. എല്ലാ സമാധാനകാംക്ഷികളും പ്രതിഷേധം രേഖപ്പെടുത്തേണ്ട സംഭവമാണിത്. സിപിഐഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കുകയാണ്. ആ ദിവസം തന്നെ ആര്‍എസ്എസ് ആക്രമണം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം തെറ്റായ നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണം. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടാകെ പ്രതിഷേധം രേഖപ്പെടുത്തണം. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ തയ്യാറാകണം എന്ന് നമ്മളെ ബോധ്യപ്പെടുത്തന്ന സംഭവമാണിത്.