കൊച്ചി: വൈവിധ്യമാർന്ന ടെലിവിഷൻ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സീ കേരളം ചാനൽ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന മറ്റൊരു പരിപാടിയുമായി ചാനൽ വീണ്ടും എത്തിയിരിക്കുകയാണ്. നൃത്ത പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസ്, ഒന്നാം സീസണിന്റെ വിജയത്തിന് ശേഷം ഇതാ വീണ്ടും. കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കിക്കൊണ്ട് “ഡാൻസ് കേരള ഡാൻസ് 2” ഓഡിഷനുകൾ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലുടനീളമുള്ള 6 നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ഓഡിഷനിൽ പങ്കെടുക്കാം. സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് എന്നിവയാണ് ഓഡിഷനിലെ പ്രധാന വിഭാഗങ്ങൾ. നിലവിലുള്ള സാഹചര്യങ്ങളെ കണക്കിലെടുത്തു ഓഡിഷൻ വെർച്വലായാണ് നടത്തുന്നത്. സെലക്ഷൻ തീരുമാനം പൂർണമായും ചാനലിൻ്റെ ഭാഗത്ത് നിന്നുള്ള ജൂറി പാനലിന്റേത് ആയിരിക്കും.
ഡിജിറ്റൽ ഓഡിഷന്റെ മുഴുവൻ പ്രക്രിയയും www.zeekeralam.in എന്ന വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്. രജിസ്ട്രേഷനു പുറമെ, നിങ്ങളുടെ പ്രിയപ്പെട്ട നൃത്ത വിഭാഗത്തിലുള്ള സ്വന്തം പ്രകടനത്തിന്റെ വീഡിയോയും അപ്‌ലോഡ് ചെയ്യണം. ഈ മാസം 14 നു ആരംഭിച്ച ഓഡിഷനിലൂടെ ഷോയിലേക്കുള്ള മികച്ച നർത്തകരെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 8136836555 എന്ന നമ്പറിൽ ബന്ധപ്പെടാം.