ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ജയസാദ്ധ്യതയെകുറിച്ച് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ഒന്നുകില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്നും അല്ലെങ്കില്‍ വീട്ടിലിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.
ഇതിനുമുമ്ബ് കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ വിജയിച്ചപ്പോഴെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹരീഷ് റാവത്തിന്റെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ 2002ല്‍ എന്‍ ഡി തിവാരിക്കു വേണ്ടിയും 2012ല്‍ വിജയ് ബഹുഗുണയ്ക്ക് വേണ്ടിയും റാവത്തിന് ഒഴിഞ്ഞുനില്‍ക്കേണ്ടി വന്നിരുന്നു.
അതേസമയം റാവത്തിന്റെ പ്രതികരണത്തെ കുറിച്ച് സൂചിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആരാകുമെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് പറഞ്ഞു. ആദ്യം തിരഞ്ഞെടുപ്പ് ജയിക്കുകയാണ് വേണ്ടെതെന്നും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാല്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പ്രീതം സിംഗ് വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഉത്തരാഖണ്ഡിൽ ഇത് നടപ്പിലാക്കുമെന്നും ധാമി പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതിലൂടെ എല്ലാവർക്കും തുല്യ അവകാശങ്ങൾ നേടാൻ സഹായകരമാവുമെന്നും, വിവാഹം, വിവാഹമോചനം, ക്രയവിക്രയം എന്നിവയിൽ ഏകീകൃത സ്വഭാവം കൈവരുമെന്നും ധാമി പറഞ്ഞു. സംസ്ഥാനത്ത് നിയമം നടപ്പിലാക്കുന്നതോടുകൂടി സാമൂഹിക ഐക്യം വർധിക്കുമെന്നും, ലിംഗനീതി ഉറപ്പാവുമെന്നും, സ്ത്രീ ശാക്തീകരണം നടക്കുമെന്നും ധാമി പറയുന്നു.