കൊച്ചി: സിപിഐഎം പ്രവർത്തകരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട ദീപുവിൻ്റെ കുടുംബത്തെ ട്വന്റി20 സംരക്ഷിക്കുമെന്ന് സാബു എം ജേക്കബ്. ദീപുവിൻ്റെ സ്ഥാനത്ത് നിന്ന് കുടുംബത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ദീപുവിൻ്റെ പേരിൽ രക്തസാക്ഷി മണ്ഡപങ്ങൾ ഉണ്ടാക്കില്ലെന്നും അതിനുവേണ്ടി പിരിവ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപുവിന്റെ അചഛന്റെ ശസ്ത്രക്രിയ ട്വന്റി ട്വന്റി ഏറ്റെടുക്കുമെന്നും ട്വന്റി ട്വന്റി ദീപുവിന്റെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ട്വന്റി ട്വന്റി ആവശ്യപ്പെട്ടു.
കുടുംബത്തിന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കും. പാർട്ടിയുടെ കടമയാണ് നിറവേറ്റുന്നത്. എന്നും കുടുംബത്തോടൊപ്പം ഉണ്ടാകും. ഭക്ഷണം മുതൽ മരുന്ന് വരെ എല്ലാം ഉറപ്പ് വരുത്തും. ട്വന്റി20 പ്രവർത്തകർ രാപകൽ വ്യത്യാസമില്ലാതെ ആവശ്യങ്ങൾ നിറവേറ്റുമെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
അതേസമയം, കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് ഭയമൂലമാണെന്നും അചഛൻ കുഞ്ഞാറു. മകനെ തല്ലുന്നത് കണ്ട് ഓടിച്ചെല്ലുകയായിരുന്നെന്നും പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മർദ്ദിച്ചുവെന്നും കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും പിതാവ് പറഞ്ഞു. ചികിത്സ തേടാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ഭയന്നാണ് ആദ്യം ദീപുവിനെ ആശുത്രിയിൽ വിടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറിയാവുന്നവർ തന്നെയാണ് മർദ്ദിച്ചതെന്നും രക്തം തുപ്പിയപ്പോഴാണ് ആശുപത്രിയിൽ പോയതെന്നും കുഞ്ഞാറു പറഞ്ഞു. പാർട്ടി നോക്കിയല്ല ദീപു പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്കാരായ ചിലർ കൊല്ലുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.