തിരുവനന്തപുരം: ഗവർണറുമായി സർക്കാരിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനമാണെന്നും ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെയാണ് പരിഹരിക്കുക എന്നത് മാത്രമാണ് സർക്കാർ നോക്കിയതെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻ ദിവസം മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ നടന്ന കൂടിക്കാഴ്ച സ്വാഭാവിക നടപടി മാത്രമാണ്. പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിലാണ് സർക്കാരിന് മുൻഗണന. പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ പറഞ്ഞിട്ടില്ല. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ഗവര്‍ണര്‍ക്ക് ഏതു കാര്യത്തിലും അഭിപ്രായം ചോദിക്കാന്‍ അവകാശമുണ്ട്. വസ്തുതകള്‍ മനസ്സിലാക്കാന്‍ ചോദിച്ചതാണെങ്കില്‍ അതില്‍ തെറ്റില്ല. അദ്ദേഹം അടുത്തകാലത്തായിരിക്കും പേഴ്‌സണല്‍ സ്റ്റാഫിനെ സംബന്ധിച്ച കാര്യം മനസ്സിലാക്കിയത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്‍റെ ചോദ്യത്തില്‍ തെറ്റില്ല. 1984 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് ഇവിടെ പെന്‍ഷനുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആദ്യത്തെ ആളെ മാറ്റി പുതിയ ആളെ നിയമിക്കുന്നു എന്നത് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോപണമാണ്.
പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവർണർ ഒരു മാസത്തെ സമയം അനുവദിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍, ഒരു മാസം കഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം എന്ന് കോടിയേരി പ്രതികരിച്ചു. പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ സാധിക്കില്ല, അത് തുടരും. ഇത്തരം കാര്യങ്ങള്‍ ഗവര്‍ണറല്ല, സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
ഗവർണർ വിഷയത്തിൽ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സർക്കാരും ഗവർണറും തമ്മിലൊരും പ്രശ്നം വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. പ്രശ്ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുക. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിനെയൊക്കെ നേരിടുക തന്നെ ചെയ്യും. എന്നാൽ ഒരു പ്രശ്നമുണ്ടായാൽ പരിഹരിക്കുന്നതിനാണ് കേരളാ സർക്കാർ മുൻഗണന നൽകുന്നതെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നീണ്ട നിര ഇപ്പോള്‍ത്തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.