രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ രാജ്യാന്തരതലത്തിൽ ഇന്ത്യ ഒറ്റപെടുകയാണ്. അമേരിക്കയിലെ മതസ്വാതന്ത്ര്യകമീഷൻ സ്ഥാനപതിക്ക് പിന്നാലെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനും(ഒഐസി) വിമർശവുമായി രംഗത്തുവന്നു. ഹിജാബ് വിലക്ക്, സമൂഹമാധ്യമങ്ങൾ വഴി മുസ്ലിംസ്ത്രീകളെ അപമാനിക്കൽ, ഹരിദ്വാറിലെ ഹിന്ദുസമ്മേളനത്തിൽ ഉയർന്ന വംശഹത്യ ആഹ്വാനം എന്നിവ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതെന്ന് ഒഐസി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള 57 രാജ്യങ്ങളുടെ, ജിദ്ദ ആസ്ഥാനമായ കൂട്ടായ്മയാണ് ഒഐസി. മുസ്ലിം സമുദായത്തിന് സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന് ഇന്ത്യയോട് ഒഐസി ആവശ്യപ്പെട്ടു.
പല സംസ്ഥാനത്തും മുസ്ലിങ്ങൾക്കെതിരെ നിയമനിർമാണം നടക്കുന്നു.
മുസ്ലിങ്ങളും ആരാധനാലയങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്നു. കെട്ടുകഥ പ്രചരിപ്പിച്ചാണ് ആക്രമണം. ഹിജാബ് വിലക്ക് മത സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് അമേരിക്കൻ കമീഷൻ വിമർശിച്ചിരുന്നു. മലാല യൂസഫ്സായും വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര പത്രങ്ങളും വിഷയത്തിൽ വിമർശമുന്നയിച്ചിരുന്നു. അതുപോലെ ഹിജാബ് വിലക്കിനെ അപലപിച്ച് ബഹ്റൈൻ പാർലമെന്റ് പ്രമേയം വരെ പാസാക്കി. ഇത്തരം വിവേചനം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദം ഉയർത്തണമെന്ന് പാർലമെന്റ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയുടെ ശക്തി കേന്ദ്രമായ സംസ്ഥാനത്താണ് ഹിജാബ് വിലക്കിയത്. വിദ്യാർഥികൾക്ക് പഠിക്കാൻ ഹിജാബ് അഴിച്ചുവയ്ക്കേണ്ടിവരുന്നു. ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെയാണിത്. വിഷയം കൂടുതൽ വഷളാകുന്നതിന് മുമ്പ് അന്താരാഷ്ട്രലോകം ശക്തമായ നിലപാടെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, കർണാടകത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചവരെ തടഞ്ഞതിനാൽ ആയിരക്കണക്കിന് വിദ്യാർഥികൾ മടങ്ങിപ്പോയി. പ്രീയൂണിവേഴ്സിറ്റി, ഡിഗ്രി, ഡിപ്ലോമ കോളേജുകളാണ് കഴിഞ്ഞ ബുധനാഴ്ച തുറന്നത്. യൂണിഫോം നിർബന്ധമില്ലാത്ത കോളേജുകളിൽ ഹൈക്കോടതി ഉത്തരവ് ബാധകമല്ലെന്ന നിർദേശം പാലിക്കപ്പെട്ടില്ല. ഉഡുപ്പി, ശിവമൊഗ, കുടക്, കലബുര്‍ഗി, വിജയപുര, യാദ്ഗിർ തുടങ്ങിയിടങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പി ഗവ. വനിതാ പിയു കോളജിലെ ആറു വിദ്യാർഥികൾ ബുധനാഴ്ച കോളേജിലെത്തിയില്ല. പ്രതിഷേധം ശക്തമായ ഉഡുപ്പി എംജിഎം കോളേജ് ബുധനാഴ്ച തുറന്നില്ല. അവിടെ ഓൺലൈൻ ക്ലാസ് തുടരും. ബംഗളൂരു മല്ലേശ്വരത്ത് ഗവ. പിയു കോളേജിൽ ഹിജാബ് ധരിച്ച് ക്ലാസിലേക്ക് പോകാൻ വിദ്യാർഥികളെ നിർബന്ധിച്ച കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശിവമോഗയിലെ സാഗര ഗവ. പിയു കോളേജിന് പ്രതിഷേധത്തെത്തുടർന്ന് അവധി പ്രഖ്യാപിച്ചു. ഡിവിഎസ് കോളേജിൽ ഹിജാബ് ഒഴിവാക്കാത്തതിനാൽ പരീക്ഷ എഴുതിച്ചില്ല. മംഗളൂരു പോമ്പൈ പിയു കോളേജിൽ 26 വിദ്യാർഥികളെയും ദയാനന്ദ് പൈ ഡിഗ്രി കോളേജിൽ രണ്ടു വിദ്യാർഥികളെയും തിരിച്ചയച്ചു. മറ്റു നാലു കോളേജുകളിൽ ഹിജാബ് നീക്കിയശേഷം ക്ലാസിൽ പ്രവേശിപ്പിച്ചു. നെല്ലിഹുഡിക്കേരി കോളേജ്, ശനിവാരശാന്തെയിലെ ഭാരതി വിദ്യാസമസ്തെ കോളേജ് എന്നിവിടങ്ങളിലും നൂറോളം പേരെ തിരിച്ചയച്ചു. ഹിജാബ് ധരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഉഡുപ്പി സർക്കാർ ജി ശങ്കർ വനിതാ കോളേജിലെ 60 വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങി. 60 അവസാന വർഷ ബിരുദ വിദ്യാർഥികൾക്കാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
ഡിഗ്രി കോളേജുകളിൽ യൂണിഫോം നിർബന്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് മുസ്ലിം വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചെങ്കിലും കോളേജ് വികസനസമിതിയാണ് കോളേജിലെ നിയമങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു അധികൃതരുടെ മറുപടി. ഹിജാബും പഠനവും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുംവരെ കോളേജിലേക്കില്ലെന്നും അവർ പറഞ്ഞു. ബല്ലാരിയിലെ സരളാദേവി കോളേജിൽ ബുർഖ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ബെലഗവി വിജയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കൽ സയൻസസിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. ആറുപേരെ അറസ്റ്റ് ചെയ്തു. ചിത്രദുർഗ വിമെൻസ് പിയു കോളേജിലും ഹിജാബ് ധരിച-്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചില്ല. പ്രവേശനം അനുവദിക്കുംവരെ ദിവസവും കോളേജിനുപുറത്ത് പ്രതിഷേധിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ചിക്കമംഗലൂരുവിൽ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.
ദക്ഷിണ കന്നഡയിൽ സ്കൂൾ, കോളേജ് പരിസരത്ത് നിരോധനാജ്ഞ 26വരെ നീട്ടി. യെദഗീർ, ബെല്ലാരി, ബെലഗാവി, ചിത്രദുർഗ എന്നിവിടങ്ങളിലെല്ലാം ശനിയാഴ്ചയും വിദ്യാർഥികളെ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബെലഗവി വിജ് പാര മെഡിക്കൽ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ധാവൺഗരെ ഹരിഹര എസ്ജെവിപി കോളേജിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. കുടകിലും വിദ്യാർഥിപ്രതിഷേധം ശക്തം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്നാരോപിച്ച് തുംകൂറിൽ എംപ്രസ് കോളേജിലെ 15 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഹിജാബ് വിലക്കില്‍ ഹൈക്കോടതിയിൽ വാദം നീണ്ടുപോകുന്നതിനിടെയാണ് സംസ്ഥാനത്ത് സ്ഥിതി പ്രക്ഷുബ്ദമായി തുടരുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിക്കാതെ ഹിജാബ് ധരിച്ചെത്തി പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി അറഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.
ഹിജാബ് നിരോധനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊലീസും നടപടി കടുപ്പിക്കുമ്പോഴും കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഈ രീതി തുടർന്നാൽ രാജ്യത്ത് സംഘർഷങ്ങൾ അധികരിക്കും. എത്രയും വേഗം സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ല എങ്കിൽ ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ ഒറ്റപ്പെട്ടാക്കാം..