കൊല്ലം: വിനോദസഞ്ചാരികൾ അനുദിനം വർധിക്കുന്ന, അഷ്ടമുടിക്കായലിന്റെ മധ്യത്തിലെ സാമ്പ്രാണിക്കോടി തുരുത്തിൽ സുരക്ഷാ സംവിധാനങ്ങളും കൂടുതൽ സൗകര്യങ്ങളും ഒരുക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. സുരക്ഷയ്ക്കു ചുറ്റുവേലി നിർമിക്കുന്നതിനു പുറമേ നിലവിലെ ഫ്ലോട്ടിങ് ബോട്ട് ജെട്ടി തുരുത്തിൽ നിന്നു കുറച്ചുകൂടി ദൂരത്തേക്കു മാറ്റിയ ശേഷം അവിടെ നിന്നു തുരുത്തിലേക്കു ഫ്ലോട്ടിങ് നടപ്പാത നിർമിക്കും. തീരത്തു വിനോദസഞ്ചാരികൾക്കു താമസിക്കുന്നതിനായി രണ്ടു മുറി നിർമിക്കും.
ശുചിമുറി സൗകര്യം, തുരുത്തിൽ നിന്നു മടങ്ങിയെത്തുന്നവർക്കു നനഞ്ഞ വസ്ത്രം മാറുന്നതിനുള്ള സൗകര്യം, റസ്റ്ററന്റ് നവീകരണം എന്നിവയും ലക്ഷ്യമിടുന്നു. ഇതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ നടപടി തുടങ്ങിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി രമ്യ ആർ.കുമാർ പറഞ്ഞു. കണ്ടൽ സംരക്ഷണത്തിനും തുരുത്തിൽ എത്തുന്നവർ ആഴത്തിൽ അകപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ചുറ്റും വേലി നിർമിക്കുന്നത്.