കൊല്‍ക്കത്ത: ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ പൊട്ടിത്തെറിച്ച് വിക്കറ്റ്കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ. ഇനി മുതൽ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലാത്തതിനാൽ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി സാഹ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ നിന്ന് സാഹ പിന്മാറിയിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് ഇനി പരിഗണിക്കില്ല എന്നതിനാലാണ് സാഹ പിന്മാറിയത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് ഇപ്പോള്‍ സാഹ സ്ഥിരീകരിക്കുന്നത്. ഇന്ത്യന്‍ ടീമിൻ്റെ പദ്ധതികളില്‍ ഞാന്‍ ഭാഗമാണ് എന്ന് എനിക്ക് ഇനി പറയാനാവില്ലെന്ന് സാഹ വ്യക്തമാക്കി. ഞാന്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കണം എന്ന് ദ്രാവിഡ് പോലും നിര്‍ദേശിച്ചു.
കഴിഞ്ഞ നവംബറില്‍ കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരെ ഞാന്‍ പുറത്താവാതെ 61 റണ്‍സ് നേടി. പെയിന്‍ കില്ലര്‍ കഴിച്ച് ഇറങ്ങിയാണ് ഞാന്‍ കളിച്ചത്. പിന്നാലെ എന്നെ അഭിനന്ദിച്ച് സൗരവ് ഗാംഗുലി സന്ദേശം അയച്ചു. ബിസിസിഐയില്‍ ഞാന്‍ ഉള്ളിടത്തോളം ഒന്നും പേടിക്കേണ്ടതില്ലെന്ന് ഗാംഗുലി പറഞ്ഞു. ബോര്‍ഡ് പ്രസിഡന്റില്‍ നിന്നും വന്ന അത്തരമൊരു സന്ദേശം എൻ്റെ ആത്മവിശ്വാസം ഉയര്‍ത്തി. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് എനിക്ക് അറിയില്ല, സാഹ പറഞ്ഞു.