മസ്കത്ത്: ഒമാൻ നിർമിത ബസുകൾ ആഗോള വിപണനമേളയായ ദുബൈ എക്സ്പോയുടെ വേദിയിൽ അവതരിപ്പിച്ചു. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ കർമ മോട്ടോഴ്സാണ് അവതരിപ്പിച്ചത്. ഇതാദ്യമാണ് രാജ്യത്തിന് പുറത്ത് പ്രദർശിപ്പിക്കുന്നത്. സാമ്പത്തിക നേട്ടം വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകൻ മുഹ്സിൻ ബിൻ ഖാമിസ് അൽ ബലൂഷി പറഞ്ഞു.
എക്സ്പോയിലെ ഒമാൻ പവിലിയനിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന ഒമാനി പ്രതിനിധികളെ കൊണ്ടുപോകാനും ഈ ബസ് ഉപയോഗിക്കും. ഈവർഷം നടക്കുന്ന ഫിഫ ഖത്തർ ലോകകപ്പിൽ കാണികൾക്ക് യാത്രചെയ്യാനും ഒമാൻ നിർമിത സലാം ബസ് ഉപയോഗിക്കും. ഖത്തറിലെ പൊതുമേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ മേഖലയിൽ നിക്ഷേപമിറക്കിയത്. ഖത്തർ കമ്പനി പദ്ധതിയുടെ 70 ശതമാനവും ഒമാൻ ഇൻവെസ്റ്റമെൻറ് അതോറിറ്റി 30 ശതമാനവുമാണ് നിക്ഷേപ മിറക്കുന്നത്.