ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ നിന്ന് ബിജെപി പുറത്താകുമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷനും എസ് പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ അഖിലേഷ് യാദവ്. യുപിയിൽ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് അഖിലേഷ് യാദവിൻ്റെ പ്രതികരണം. അതേസമയം, പഞ്ചാബിലും മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിലും ഭേദപ്പെട്ട പോളിങ്.
ഒറ്റ ഘട്ടമായി 117 മണ്ഡലങ്ങളിലേക്കാണ് പഞ്ചാബിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പഞ്ചാബിനായി സാധ്യമായതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു. ചതുഷ്കോണ മത്സരം നടക്കുന്ന പഞ്ചാബിൽ പ്രചാരണത്തിൽ കണ്ട അതെ ആവേശമാണ് പോളിങ് ദിനത്തിലും. ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് അധികാരം നിലനിർത്തുമോയെന്ന് ആകാംക്ഷയുയർത്തുന്ന പഞ്ചാബിൽ അട്ടിമറി പ്രതീക്ഷയാണ് ആം ആദ്മി പാർട്ടിക്ക്.
ബിജെപി – പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യവും, അകാലിദൾ – ബി എസ് പി സഖ്യവും പിടിക്കുന്ന വോട്ടുകൾ ആരെ തുണയ്ക്കും എന്നതും നിർണായകമാണ്. അമൃത്സർ ഈസ്റ്റിൽ നവ്ജ്യോത് സിങ് സിദ്ദു അകാലിദൾ നേതാവ് ബിക്രം മജീദിയയിൽ നിന്ന് നേരിടുന്നത് കനത്ത വെല്ലുവിളിയാണ്. ഗുരുദ്വാര ഉൾപ്പെടെ ആരാധനാലയങ്ങൾ സന്ദർശിച്ചായിരുന്നു മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പോളിംഗ് ദിനത്തിലെ തുടക്കം.
യുപിയിലെ 59 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിൽ വിധിയെഴുതുന്നത്.മുലായം കടുംബത്തിൻ്റെ തട്ടകമായ ഇറ്റാവയും അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹലും ഉൾപ്പെടെ യാദവ വോട്ടുകൾ നിർണായകമായ മുപ്പത് മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടും. അഖിലേഷ് യാദവ് സെയ്ഫെയിയിൽ വോട്ട് രേഖപ്പെടുത്തി. യുപിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ക്രമസമാധാനം തകർന്ന അവസ്ഥയിലാണെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.