തൊടുപുഴ: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാവരെയും കൃഷിമുറ്റത്തേക്കിറക്കുക എന്ന ലക്ഷ്യവുമായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി കൃഷിവകുപ്പ്. പച്ചക്കറി കൃഷിയിൽ സ്യയം പര്യാപ്തത നേടുന്നതിനൊപ്പം സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ഇതിൻറെ ഭാഗമായി ജില്ലയിൽ എല്ലാ വാർഡുകളിലും കാർഷിക ഗ്രൂപ്പുകൾ രുപവത്കരിക്കും. ഒരു വാർഡിൽ 200 കുടുംബങ്ങളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കും. അവരിൽനിന്ന് ഒരു പഞ്ചായത്തിൽ 10 ഗ്രൂപ്പെങ്കിലും രൂപവത്കരിക്കും. അവരുടെ നേതൃത്വത്തിലാകും കൃഷി. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ എന്നിവർ ഉൾപ്പെടുന്നതാകും ഗ്രൂപ്പുകൾ.
നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ഗ്രൂപ്പുകൾ ആരംഭിക്കും. ഓരോ ഗ്രൂപ്പിലും ഒരുമിച്ചോ പലയിടങ്ങളിലോ കൃഷിചെയ്യാം. കൃഷിയിൽ ഏർപ്പെട്ടവർക്ക് ധനസഹായം നൽകും. വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയിലും പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 600 ഗ്രൂപ്പെങ്കിലും ജില്ലയിൽ ഉണ്ടാകുമെന്നാണ് കൃഷിവകുപ്പ് പ്രതീക്ഷ.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മാതൃക കൃഷി പ്ലോട്ട് തെരഞ്ഞെടുക്കും. വണ്ടിപ്പെരിയാർ, അരിക്കുഴ, കരിമണ്ണൂർ എന്നിവയാണ് കൃഷിവകുപ്പിൻറെ ഫാമുകൾ. ഇതിൽ ഏതെങ്കിലും ഒന്നിനെയാകും മാതൃക പ്ലോട്ടായി കണ്ടെത്തുക. ജില്ലയുടെ ഒരു കൃഷി മാതൃക തന്നെ ഇവിടെയെത്തുന്നവർക്ക് മനസ്സിലാകുന്ന തരത്തിലാകും പ്ലോട്ട് സജ്ജീകരിക്കുക. ഇതോടൊപ്പം ജില്ലയിൽ 8000 സോയിൽ ഹെൽത്ത് കാർഡുകളും കൃഷിക്കാർക്ക് നൽകാനുള്ള ഒരുക്കം പൂർത്തിയായിവരുന്നതായി കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.