കൊച്ചി: എറണാകുളം പറവൂരിൽ ഭൂമി തരം മാറ്റ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസില്‍ ഉദ്യോഗസ്ഥർക്ക് എതിരായ നടപടിയിൽ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് എതിരായ നടപടി സസ്പെൻഷനിൽ നടപടി ഒതുക്കരുതെന്നും മാതൃകപരമായ ശിക്ഷ നൽകണമെന്നും സജീവന്‍റെ കുടുംബം ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് കുടുംബം ഉയർത്തുന്ന ആവശ്യം. ഇനിയൊരു സജീവൻ ഉണ്ടാകരുതെന്നും കുടുംബം പറയുന്നു. കേസിൽ ആറ് റവന്യൂ ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സർക്കാര്‍ സസ്പെന്‍റ് ചെയ്തത്. സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.