റിയാദ്: സൗദി (Saudi Arabia) ജയിലുകളിലുള്ള ഇന്ത്യൻ തടവുകാരെ (Indian Prisoners) മാതൃരാജ്യത്തിന് കൈമാറുന്ന നടപടിക്ക് തുടക്കം. ശിഷ്ടകാല തടവു ശിക്ഷ ഇനി ഇന്ത്യയിലെ ജയിലിൽ അനുഭവിച്ചുതീർക്കാം. 12 വർഷം മുമ്പ് ഒപ്പുവെച്ച തടവുപുള്ളികളെ കൈമാറാനുള്ള കരാർ പ്രകാരമാണ് നടപടി. ഇതനുസരിച്ച് സൗദിയിലെ ജയിലുകളിൽ തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇനി ഇന്ത്യയിലെ ജയിലിൽ അനുഭവിച്ചാൽ മതിയാകും.
2010-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സൗദി സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്നു തന്നെ നടപടികൾ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയിൽ കുടുങ്ങി കരാർപ്രാബല്യത്തിലാകുന്നത് നീണ്ടുപോവുകയായിരുന്നു. എന്നാലിപ്പോൾ അതിന് മൂർത്തമായ രൂപം കൈവരികയും ഇത്തരത്തിൽ ജയിൽ പുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയിൽ മേധാവികൾക്ക് കത്തയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടോ, ക്രിമിനൽ കുറ്റങ്ങളൊ അല്ലാത്ത കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തിൽ നാട്ടിലെ ജയിലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ കണക്കുകൾ ലഭ്യമാക്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി.