കൊച്ചി: ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യസ്ഥാപനമായ (എൻ.ബി.എഫ്.സി) ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഫെഡ്ഫിനി) പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള അപേക്ഷ (ഡി.ആർ.എച്ച്.പി) സെബിക്ക് നൽകി. 900 കോടി രൂപയുടെ പുതു ഓഹരികളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളുടെ 4.57 കോടി ഓഹരികൾ ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) ഇനത്തിലും വിറ്റഴിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഫെഡ്ഫിനയിൽ ഫെഡറൽ ബാങ്കിന് 73.31 ശതമാനവും ട്രൂ നോർത്തിന് 25.76 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ഐ.പി.ഒയ്ക്കുശേഷവും ഫെഡ്ഫിനയിൽ 51 ശതമാനത്തിനുമേൽ ഓഹരി പങ്കാളിത്തം നിലനിറുത്തുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.