നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ (Minor girl) കടത്തികൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പൊലീസ് (Nedunkandam police) പിടികൂടി. മധ്യപ്രദേശിലെ ഡിപ്‌ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്‌തെ (25) ആണ് അതിര്‍ത്തി സംസ്ഥാനമായ ഛത്തിസ്ഗഢ് സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് വന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2019-ലാണ് കേസിന് ആസ്പദമായ തട്ടികൊണ്ടുപോകല്‍ നടന്നത്. മധ്യപ്രദേശിലെ ഡിപ്‌ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്‌തെ (25) ആണ് അതിര്‍ത്തി സംസ്ഥാനമായ ഛത്തിസ്ഗഢ് സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോന്നത്. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടങ്ങളില്‍ ഇരുവരും ജോലി ചെയ്ത് വന്നിരുന്നു.
ചത്തീസ്ഗഢിലെ കബീര്‍ദാം ജില്ലയിലെ കുക്ദൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഇടുക്കി ജില്ലയില്‍ ഉള്ള വിവരം ലഭിക്കുന്നത്. കുക്ദൂര്‍ പൊലീസ് സ്‌റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ വിമല ദുര്‍വേ, ഹെഢ് കോണ്‍സ്റ്റബിള്‍ ബി.ഡി ടംടണ്‍, കോണ്‍സ്റ്റബിള്‍ മനീഷ് ജാരിയ, ദ്വീഭാഷി മനോജ് രാജന്‍ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘം നെടുങ്കണ്ടത്ത് എത്തുകയായിരുന്നു.
തുടര്‍ന്ന് നെടുങ്കണ്ടം സിഐ ബിഎസ് ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാര്‍, രഞ്ജിത്ത് എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കജനാപ്പാറയില്‍ പ്രതിക്ക് രണ്ട് സുഹൃത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഇവര്‍ മുഖാന്തിരം ചേമ്പളം കൗന്തി ഇല്ലിപ്പാലത്ത് നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു.