നടൻ സൈജു കുറുപ്പിൻ്റെ കരിയറിലെ നൂറാം ചിത്രം ‘ഉപചാരപൂർവം ഗുണ്ട ജയൻ’ ഈ വരുന്ന ഫെബ്രുവരി 25ന് പ്രദർശനത്തിന് എത്തുകയാണ്. ഇതിനോടകം വലിയ പ്രതീക്ഷയാണ് ചിത്രം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മുഴുനീള കോമഡി എന്റർടെയ്നർ എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അരുൺ വൈഗയാണ് സംവിധാനം. ‘കുറുപ്പ്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഗുണ്ടാ ജയനു’ണ്ട്. വേഫെയര്‍ ഫിലിംസിൻ്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിൻ്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്.
സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു. സംഗീതം പകർന്നത് ബിജിപാലും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്. എൽദോ ഐസക് ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. ശബരീഷ് വർമ്മ ഈണമിട്ട് പാടിയ ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന ഇതിലെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.