അലഹബാദ്: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും അടിച്ചമർത്താൻ കഴിയുമെന്ന് യുപി സർക്കാർ കരുതുന്നു. എന്നാൽ സുപ്രീം കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും പ്രിയങ്ക പറഞ്ഞു.
2019ലെ സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്ക് നൽകിയ റിക്കവറി നോട്ടീസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ഈ സർക്കാരിന് അടിച്ചമർത്തൽ സ്വഭാവമുണ്ട്, ഏത് പ്രതിഷേധവും അടിച്ചമർത്താൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. സിഎഎ പ്രതിഷേധക്കാരെ മാത്രമല്ല, വിദ്യാർത്ഥികളെയും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു
“സുപ്രീം കോടതി പറഞ്ഞത് ശരിയാണ്. വസൂലി (യുപി സർക്കാർ പണം വീണ്ടെടുക്കൽ) ചെയ്തത് തെറ്റായിരുന്നു. ശരിയായ നടപടിക്രമം പാലിക്കണമെന്ന് ഞങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നു. തങ്ങളെ എതിർക്കുന്ന ആരെയും തടയാമെന്ന ചിന്ത ഈ സർക്കാരിനുണ്ട്,”- പ്രിയങ്ക പറഞ്ഞു. ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നടക്കില്ലെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.