മോസ്‌കോ: യുക്രൈനിൽ യുദ്ധഭീതി തുടരുന്നതിനിടെ വൻനാശം വിതക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണവുമായി റഷ്യ. ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യൻ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്.
പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു. ലക്ഷ്യംവച്ച പോലെത്തന്നെ എല്ലാം സജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് പരീക്ഷണം. റഷ്യയുടെ തന്ത്രപ്രധാന പ്രത്യാക്രമണ സേനയുടെ പ്രകടനം കൂടുതൽ കാര്യക്ഷമമാക്കുകയായിരുന്നു മിസൈൽ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ഉന്നംവച്ചതെന്നും റഷ്യൻ ജനറൽ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് കൂട്ടിച്ചേർത്തു.
യുക്രൈന്‍ അതിര്‍ത്തിയിലെ വ്യോമതാവളത്തിലെ റഷ്യന്‍ പോര്‍ വിമാനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാക്‌സര്‍ ടെക്‌നോളജീസാണ് ഇവയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. യുക്രൈനിലെ തന്ത്രപ്രധാനമായ അഞ്ച് മേഖലകള്‍ക്ക് സമീപത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാഫന്‍ റഷ്യ തുടങ്ങിയ മേഖലകളിലെ ചിത്രങ്ങളാണിവ.
റഷ്യന്‍ അധിനിവേശം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ശനിയാഴ്ച റഷ്യ നടത്തിയ മിസ്സൈല്‍ പരീക്ഷണവും. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ആധുനിക ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യ ശനിയാഴ്ച പരീക്ഷിച്ചത്.
ആഴ്ചകള്‍ക്കു മുമ്പുതന്നെ അതിര്‍ത്തിയില്‍ സൈനികരെ അണിനിരത്തി യുദ്ധത്തിന് പൂര്‍ണസജ്ജരായിരുന്നു റഷ്യ. എന്നാല്‍ ചൊവ്വാഴ്ചയോടെ തങ്ങള്‍ കുറച്ചു സൈനികരെ യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ നിന്ന് അഭ്യാസം നടത്തുന്ന ചില സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അമേരിക്ക റഷ്യയുടെ ഈ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു. ഏതുനിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പ് അമേരിക്ക ദിവസങ്ങളായി നല്‍കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സൈന്യവുമായി നടക്കുന്ന ഇടപാടാണ് ഇതെന്നും അതുകൊണ്ടുതന്നെ യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാരെ രക്ഷിക്കാന്‍ പോലും സൈന്യത്തെ അയക്കില്ലെന്നും പൗരന്‍മാര്‍ എത്രയും വേഗം രാജ്യം വിടണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.