ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഖലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുൻ എ.എ.പി നേതാവ് കുമാർ വിശ്വാസിന് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി ഈ ആരോപണത്തെ പൂര്‍ണമായി തള്ളിയെങ്കിലും വിശ്വസിന്റെ പ്രസ്താവന കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ വിഷയം വിവാദമാകുകയായിരുന്നു.
താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര ഖലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്‌രിവാൾ പറഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ വിശ്വസ് വെളിപ്പെടുത്തിയത്
ആം ആദ്മി പാർട്ടിക്ക് ഖലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വിഘടനവാദികളുമായി ഡൽഹി കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാർ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചന്നിയുടെ കത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.
വിഘടനവാദികളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സഹായം തേടുന്നുവെന്നും ഈ പാര്‍ട്ടി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാണെന്നും ചന്നി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് മാത്രമാണ് താൻ തീവ്രവാദിയായി തോന്നുന്നത് എന്നായിരുന്നു ആരോപണത്തിന് കെജ്‌രിവാളിന്റെ മറുപടി. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബിൽ ഉണ്ടാവുന്നത് ആലോചിച്ച് അഴിമതിക്കാർക്കുള്ള ഭയമാണ് ഇപ്പോൾ തീവ്രവാദി ആരോപണമായി പുറത്തുവരുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. കുമാര്‍ ബിശ്വാസിന്റെ ആരോപണങ്ങളെ ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി തള്ളിയിരുന്നു.