മുംബൈ: വിരാട് കോഹ്ലിക്ക് പിൻഗാമിയായി ടെസ്റ്റിലും രോഹിത് ശർമയെ ബിസിസിഐ നായകനായി നിയോഗിച്ചു. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ഇന്ത്യയുടെ നായകനായി. ടെസ്റ്റിലും ട്വന്റി-20 യിലും പേസർ ജസ്പ്രീത് ബുംറയാണ് പുതിയ വൈസ് ക്യാപ്റ്റൻ. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് 18 അംഗ ടീമുകളെ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും സീനിയർ താരങ്ങളായ അജിങ്ക്യ, രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ഒഴിവാക്കി. ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് ഇരുവരെയും ഒഴിവാക്കിയത്. പേസർ ഇഷാന്ത് ശർമ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിക്ക് മാറി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആർ.അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിക്കിൽ നിന്നും മോചിതനായി ഫിറ്റ്നസ് തെളിയിച്ചെങ്കിലേ അന്തിമ ഇലവനിലേക്ക് പരിഗണിക്കൂ. 18 അംഗ ടീമിൽ ഉത്തർപ്രദേശിൽ നിന്നുള്ള സ്പിന്നർ സൗരഭ് കുമാറും സ്ഥാനം പിടിച്ചു.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പ്രിയങ്ക് പാഞ്ചാൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കെ.എസ്.ഭരത്, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ.