കൊച്ചി: പത്ത് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതി സനു മോഹനെതിരെയുള്ള വിചാരണ നടപടികൾ തുടങ്ങി. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ. സോമനാണ് കേസ്സ് വിചാരണക്കെടുത്തത്. കഴിഞ്ഞ ദിവസം കോടതി പ്രതിക്കെതിരെ കുറ്റം ചുമത്തിയോടെയാണ് വിചാരണ നടപടികൾക്ക് തുടക്കമായത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലായിരുന്നു കേസ്സിനാസ്പദമായ സംഭവം.
ആലപ്പുഴയിലെ ബന്ധു വീട്ടിൽ നിന്ന് അമ്മാവനെ കാണിക്കാനാണെന്ന് പറഞ്ഞ് മകളെ കൂട്ടി കൊണ്ട് വന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് തന്നെ അന്വേഷിക്കുകയാണെന്ന് മനസ്സിലാക്കിയ പ്രതി മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് കോയമ്പത്തൂർ മൂകാംബിക ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മാസത്തോളം ഒളിച്ച് കഴിയുകയായിരുന്നു. ഇതിനിടെയാണ് തൃക്കാക്കര പോലീസ് പ്രതിയെ തന്ത്രപൂർവ്വം പിടികൂടുന്നത്. അന്ന് മുതൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരാകും.