കോവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ/ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന SMILE എന്ന കുറഞ്ഞ പലിശ നിരക്കുള്ള പ്രത്യേക വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനർജീവനത്തിനായി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോവിഡ് പിടിപെട്ട് മരണമെടഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കിൽ അയാളുടെ കുടുംബാംഗത്തിന് / ആശ്രിതന് വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപവരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പ. മൊത്തം പദ്ധതി തുകയിൽ മൂന്നു മുതൽ അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. വായ്പയുടെ പലിശ നിരക്ക് പ്രതിവർഷം നാലര ശതമാനമാണ്.
വായ്പയുടെ തിരിച്ചടവ് കാലയളവ് അഞ്ച് വർഷം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രധാന വരുമാനദായകൻ മരിച്ചത് കോവിഡ് മൂലമാണെന്ന് തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റിനു പുറമെ അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ആധികാരിക രേഖയും ഹാജരാക്കണം. കോർപ്പറേഷന്റെ നിലവിലെ മറ്റു വായ്പാ നിബന്ധനകൾ പാലിക്കുന്നതിനും അപേക്ഷകൻ ബാധ്യസ്ഥാനായിരിക്കും. താത്പര്യമുള്ളവർ നിശ്ചിത വിവരങ്ങൾ സഹിതം കോർപ്പറേഷന്റെ തിരുവനന്തപുരം/കിളിമാനൂർ ഓഫീസിൽ 26 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: 0471-2723155 (തിരുവനന്തപുരം), 0470-2673339 (കിളിമാനൂർ).