ഈറോഡ് : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂർ റോഡിൽ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നു. രാവിലെ ആറുമണിമുതൽ വൈകീട്ട് ആറുവരെമാത്രം ഇതുവഴി യാത്ര എന്നനിയമം വന്നതോടെ ഇവിടെ പ്രതിസന്ധി തുടരുകയാണ്. തിമ്പം ഭാഗത്ത് കയറ്റിറക്കങ്ങളുള്ളിടത്ത് വാഹനങ്ങൾക്ക് ഇഴഞ്ഞുനീങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
രാത്രിയാത്രാ നിരോധനത്തിനെതിരേ നിരവധി സമരങ്ങൾ നടന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജോലി ഉൾപ്പെടെ പല കാര്യങ്ങൾക്കും പോകുന്നവർക്ക് അതതുസ്ഥലങ്ങളിൽ സമയത്തിന് എത്തിച്ചേരാൻ സാധിക്കുന്നില്ല. മൈസൂരു അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് പച്ചക്കറിയും മറ്റുസാധനങ്ങളും കയറ്റിവരുന്ന ചരക്കുലോറികൾക്ക് തമിഴ്‌നാട്ടിലെ വിവിധ മാർക്കറ്റുകളിൽ സമയത്തിന് എത്തിക്കാൻ പറ്റാത്ത അവസ്ഥയും തുടരുന്നു.